Drisya TV | Malayalam News

സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള ശക്തമായ സൂചനകള്‍ ലഭിച്ചതായി ശാത്രജ്ഞര്‍

 Web Desk    17 Apr 2025

സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള ശക്തമായ സൂചനകൾ ലഭിച്ചതായി ശാത്രജ്ഞർ. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയതോടെയാണിത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് നാഴികക്കല്ലായി മാറിയേക്കാവുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

ഡൈമീഥൈൽ ഡൈസൾഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ നിരീക്ഷിച്ചതിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ജീവജാലങ്ങൾ ഉൽപ്പാദിപ്പിക്കുന്നവയാണ് ഇവ. ആൽഗകൾ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പുതിയ കണ്ടെത്തൽ ആവേശം നൽകുന്നതാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. 'ജീവജാലങ്ങൾ വസിക്കാനിടയുള്ള അന്യഗ്രഹ ലോകത്തിൻ്റെ ആദ്യ സൂചനകളാണിത്' - ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ രചയിതാവായ കേംബ്രിഡ്‌ജ് സർവകലാശാലയിലെ ആസ്ട്രോണമി ഇൻസ്റ്റിറ്റ്യൂട്ടിലെ ആസ്ട്രോഫിസിസ്റ്റ് നിക്കു മധുസൂദനൻ പറയുന്നു.

ഈ ഗ്രഹം സൂക്ഷ്‌മജീവികളാൽ നിറഞ്ഞിരിക്കാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, അവിടെ യഥാർഥ ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നില്ലെന്നും മറിച്ച് ഒരു ജൈവ പ്രക്രിയയുടെ സൂചകം ആണെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും കണ്ടെത്തലുകളെ ജാഗ്രതയോടെ കാണണമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗരയൂഥത്തിന് അപ്പുറത്തേക്ക് ജീവന്റെ സ്പന്ദനംതേടി നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തിൽ ഒരു നിർണായക വഴിത്തിരിവാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 - 18 ബി. ജീവൻ്റെ പ്രധാന ഘടകമായ ജലം ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിലനിൽക്കാൻ കഴിയുന്ന ദൂരത്തിലുള്ള വാസയോഗ്യമായ മേഖലയിലാണ് ഇതുള്ളത്. സൂര്യനേക്കാൾ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു ഗ്രഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയിൽ നിന്ന് ഏകദേശം 124 പ്രകാശവർഷം അകലെ ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കെ 2 18 ബിയിൽ നിന്നുള്ള വിവരങ്ങൾ ജിജ്ഞാസ ഉണ്ടാക്കുന്നതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എറ്റവും പുതിയ വിവരങ്ങൾ ഏറ്റവും വിലപ്പെട്ടതാണ്. എന്നിരുന്നാലും വിവരങ്ങൾ കഴിയുന്നത്ര സമഗ്രമായി പരിശോധിക്കുന്നതിൽ വളരെ ശ്രദ്ധവേണം. അടുത്ത ആഴ്‌ തന്നെ ആരംഭിക്കുന്ന ഡാറ്റ വിശകലനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ശാസ്ത്രലോകമെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News