Drisya TV | Malayalam News

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 Web Desk    13 Apr 2025

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. 

പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

  • Share This Article
Drisya TV | Malayalam News