Drisya TV | Malayalam News

ആയിരം ദിവസം നീണ്ട ആർത്തവം:അനുഭവംപങ്കുവെച്ച് യുവതി

 Web Desk    12 Apr 2025

ആർത്തവസംബന്ധമായ ആരോ ഗ്യപ്രശ്ന‌ങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഭക്ഷണരീതിയും വ്യായാമക്കുറവുമൊക്കെ ആർത്തവം ക്രമരഹിതമാവുന്നതിന് കാരണമാകുന്നുണ്ട്. ഡേറ്റിന് ഏതാനുംദിവസങ്ങൾക്ക് മുമ്പും ശേഷവുമൊക്കെ ആർത്തവമാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആയിരം ദിവസങ്ങളോളം നീണ്ട ആർത്തവവുമായി ജീവിക്കുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവതി.

ടിക്ടോക്കിലൂടെയാണ് പോപ്പി എന്ന പേരുള്ള യൂസർ തൻ്റെ ദുരവസ്ഥ പങ്കുവെച്ചത്. മിക്ക സ്ത്രീകളിലും ആർത്തവം ഇരുപത്തിയൊന്നു മുതൽ മുപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിലാണ് വരിക. രണ്ടുമുതൽ ഏഴുദിവസം വരെ നീണ്ടുനിൽക്കുന്ന ആർത്തവദിനങ്ങളാണുണ്ടാവുക. പ്രായം, ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദം, ഭക്ഷണം തുടങ്ങിയവയൊക്കെ ഇതിൽ ചിലമാറ്റങ്ങളുമുണ്ടാക്കും. എന്നാൽ തന്റേത് മൂന്നുവർഷം വരെ നീണ്ട ആർത്തവമാണെന്നാണ് പോപ്പി പങ്കുവെച്ചിരിക്കുന്നത്. നിരവധി ഡോക്ട‌ർമാരെ കാണിക്കുകയും പരിശോധനകൾ നടത്തുകയും മരുന്നുകൾ കഴിക്കുകയും ചെയ്തെങ്കിലും ആർത്തവം നിന്നില്ലെന്നും പോപ്പി പറയുന്നു.

പരിശോധനയിൽ പോപ്പിയുടെ അണ്ഡാശയത്തിൽ ചെറു മുഴകൾ കണ്ടെത്തിയെങ്കിലും നീണ്ടുനിൽക്കുന്ന ആർത്തവത്തിൻ്റെ യഥാർഥകാരണം എന്താണെന്ന് കണ്ടെത്താൻ ആരോ ഗ്യപ്രവർത്തകർക്കും കഴിഞ്ഞില്ല. ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് കുറഞ്ഞു, സന്ധിവേദനയും തലവേദനയും സ്ഥിരമായി. ഒപ്പം നിർത്താത്ത ഛർദിയും. മൂന്നുമാസത്തോളം ആർത്തവം നീണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പിസിഒഎസ് ഉണ്ടെന്ന് വ്യക്തമായത്. ശേഷം ഹിസ്റ്ററോസ്കോപ്പിയും എംആർഐയും അൾട്രാസൗണ്ട് സ്ക‌ാനിങ്ങുമൊക്കെ ചെയ്തെങ്കിലും രോഗകാരണം കണ്ടെത്താനായില്ലെന്ന് പോപ്പി പറയുന്നു.

പിന്നീടാണ് ബൈകോർന്വേറ്റ് യൂട്രസ് എന്ന അസാധാരണ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. ഗർഭാശയം ഒന്നിനുപകരം രണ്ട് ചേംബറുകളായി വിഭജിച്ചിരിക്കുന്ന അവസ്ഥയാണിത്. അഞ്ചുശതമാനത്തിൽ താഴെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണിത്. ദിവസങ്ങളോളം നീണ്ട ആർത്തവം, അസഹ്യമായ വേദനയോടെയുള്ള ആർത്തവം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതാണ് കാരണമെന്ന് തിരിച്ചറിയുന്ന ദിവസത്തിന് മുമ്പ് ഓരോ ദിവസവും താൻ കരഞ്ഞിരുന്നുവെന്ന് പോപ്പി പറയുന്നു. ഗർഭാശയത്തിന്റെ തകരാർ പരിഹരിക്കാൻ സർജറിയും മറ്റുചികിത്സകളും നടത്താനൊരുങ്ങുകയാണ് പോപ്പി ഇപ്പോൾ.

  • Share This Article
Drisya TV | Malayalam News