ക്രിയേറ്റർമാർക്കായി പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകൾക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവർത്തിക്കുന്ന മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റർ മ്യൂസിക് ടാബിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീഡിയോകളിൽ ചേർക്കാൻ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്‌ടിച്ചെടുക്കാൻ ഈ ഫീച്ചർ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കർശനമായ പകർപ്പാവകാശ നിയന്ത്രണങ്ങൾ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു ജോലിയാണ്. പകർപ്പാവകാശം കണ്ടെത്തിയാൽ അത് വീഡിയോയേയും ചാനലിനേയും ബാധിക്കും. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടേയും ഗായകരുടേയും സൃഷ്‌ടികളായ ജനപ്രിയ സംഗീതവുമൊന്നും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കില്ല.
ഇവിടെയാണ് പുതിയ എഐ ടൂൾ രക്ഷയ്ക്കെത്തുന്നത്. വീഡിയോകൾക്ക് ഏറ്റവും ഇണങ്ങുന്നതും എന്നാൽ മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിർമിച്ചെടുക്കാൻ ഈ ടൂൾ ക്രിയേറ്റർമാരെ സഹായിക്കും. ക്രിയേറ്റർ മ്യൂസിക് ടാബിൽ പ്രത്യേകം ജെമിനൈ ഐക്കൺ ഇതിനായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്ത‌് ഡിസ്ക്രിപ്ഷൻ ബോക്‌സിൽ നിങ്ങൾക്ക് എത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കി നൽകുക. വീഡിയോയുടെ വിഷയം, ദൈർഘ്യം, സ്വഭാവം ഉൾപ്പടെയുള്ള വിവരങ്ങളും നൽകാം. ശേഷം ജനറേറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ നാല് ഓഡിയോ സാമ്പിളുകൾ നിർമിക്കപ്പെടും.
ഏത് തരം മ്യൂസിക് നിർമിക്കണം എന്നറിയില്ലെങ്കിൽ, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതിൽ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങൾ ലഭിക്കും. ക്രിയേറ്റർമാർക്കെല്ലാം ഈ ഫീച്ചർ സൗജന്യമായി ഉപയോഗിക്കാം. എന്തെങ്കിലും റേറ്റ് ലിമിറ്റ് ഇതിനുണ്ടോ എന്ന് വ്യക്തമല്ല. ഇങ്ങനെ നിർമിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ പകർപ്പാവകാശ നിയന്ത്രണങ്ങൾ എങ്ങനെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.