Drisya TV | Malayalam News

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; പ്രധാന മുന്നറിയിപ്പ്

 Web Desk    23 Mar 2024

മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജൻസിയായ  സേർട്ട്-ഇൻ. ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ  സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്. കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.  മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർ കഴിയുന്നതും വേഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News