Drisya TV | Malayalam News

ക്രൂ‍ഡോയിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി എണ്ണ കുഴിച്ചെടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

 Web Desk    24 May 2026

ഹോർമുസ് പ്രതിസന്ധിയോടെയുണ്ടായ അതിരൂക്ഷ ക്രൂ‍ഡോയിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി എണ്ണ കുഴിച്ചെടുക്കാനൊരുങ്ങി പാക്കിസ്ഥാൻ. രണ്ടു പതിറ്റാണ്ടിന് ശേഷം ആഴക്കടൽ സമുദ്ര പര്യവേഷണം തുടങ്ങാൻ തീരുമാനം. സിന്ധ്, ബലൂച്ചിസ്ഥാൻ മേഖലയോട് ചേർന്ന സിന്ധു - മക്രാൻ കടലിലാണ് പര്യവേഷണം നടത്തുക.

രാജ്യത്തിന് ആവശ്യമായ ക്രൂഡോയിൽ മുഴുവൻ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യാന്തര വിപണിയിലെ എണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും ബാധിക്കുക പതിവാണ്. ഇറാൻ യുദ്ധത്തോടെ ഹോർമുസ് കടലിടുക്ക് അടഞ്ഞത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പാക്കിസ്ഥാന്റെ സ്ഥിതി കൂടുതൽ മോശമാക്കി. രാജ്യത്ത് പെട്രോൾ,ഡീസൽ വില കുത്തനെ ഉയർന്നു. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റുകയും ചെയ്തു.

പാക്കിസ്ഥാൻ തീരത്ത് ക്രൂഡ് ഓയിൽ സാന്നിധ്യമുണ്ടാകുമെന്ന് നേരത്തെ മനസിലാക്കിയിരുന്നെങ്കിലും ഇത് കുഴിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. വേണ്ട സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പല പ്രാവശ്യം ശ്രമിച്ചെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണക്കിണറുകൾ സ്ഥാപിക്കാൻ കഴിയാത്തതും തിരിച്ചടിയായി. 2019ൽ വിദേശ കമ്പനികളുടെ സഹായത്തോടെ 'കെക്ര -1' എന്ന ആഴക്കടൽ പ്ലാന്റ് തുടങ്ങിയെങ്കിലും അധികം വൈകാതെ ഉപേക്ഷിക്കേണ്ടി വന്നു.

പുതിയ പദ്ധതി പ്രകാരം പാക്കിസ്ഥാനിലെ കമ്പനികൾ 8.2 കോടി ഡോളർ എണ്ണ പര്യവേഷണത്തിന് വേണ്ടി നിക്ഷേപിക്കും. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിക്ഷേപം 100 കോടി ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 54,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 23 ഓഫ്ഷോർ ബ്ലോക്കുകൾ വികസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News