യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ചർച്ച ചെയ്ത് ധാരണയിലെത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച വിവിധ ഗൾഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും പ്രമുഖ നേതാക്കളുമായി താൻ ഫോണിൽ സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് സുപ്രധാന വിവരം പങ്കുവച്ചത്.
‘‘ഞാൻ ഇപ്പോൾ വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലാണുള്ളത്. സമാധാനവുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യൻ പ്രസിഡന്റ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ബിൻ ജാബർ അൽ ഥാനി, ഖത്തർ മന്ത്രി അലി അൽ-ഥവാദി, പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ ഉൾപ്പെടെയുള്ളവരുമായി വിജയകരമായ ഫോൺ സംഭാഷണം പൂർത്തിയാക്കി’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനുമായുള്ള കരാറിന്റെ ഭൂരിഭാഗം കാര്യങ്ങളിലും ഇതിനകം തന്നെ ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കരാറിന്റെ അന്തിമ വശങ്ങളെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്നും, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.