ഇന്ത്യ എ.ഐ. ഇംപാക്ട് ഉച്ചകോടിയിൽ 58.2 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. റിലയൻസ്, അദാനി, ആമസോൺ കമ്പനികൾ വൻനിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ബിസിനസ് മേഖലകളിലുമായി 2030-ഓടെ 3.19 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ആമസോൺ അറിയിച്ചത്. ഇതുവരെ രാജ്യത്ത് നടത്തിയ ഏകദേശം 3.6 ലക്ഷം കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായാണിത്.
എ.ഐ. അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോം, കയറ്റുമതിവർധന, തൊഴിൽസൃഷ്ടി എന്നിവയ്ക്കാണ് കമ്പനി ഊന്നൽനൽകുക. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലൊന്നാകെ 2030-ഓടെ എ.ഐ. വികസനത്തിനായി മൈക്രോസോഫ്റ്റ് ഏകദേശം 45.59 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. ഇതിൽ 1.60 ലക്ഷം കോടി രൂപ ഇന്ത്യക്കായാണ് മാറ്റിയിട്ടുള്ളത്. ഇന്ത്യയിൽ 1.37 ലക്ഷം കോടിയുടെ നിക്ഷേപം ഗൂഗിൾ നടത്തുമെന്ന് സി.ഇ.ഒ. സുന്ദർ പിച്ചൈയും പറഞ്ഞു.
ഇന്ത്യ-അമേരിക്ക കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെയും വിശാഖപട്ടണത്ത് സമഗ്ര എ.ഐ. കേന്ദ്രം സ്ഥാപിക്കുന്നതിന്റെയും ഭാഗമായാണ് നിക്ഷേപം. ഉയർന്നുവരുന്ന സമ്പദ് വ്യവസ്ഥകൾക്ക് പരമ്പരാഗത വികസനഘട്ടങ്ങൾ വേഗത്തിൽ മറികടക്കാൻ എ.ഐ. സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോട്ട ഡേറ്റ സർവീസസ്-18,200 കോടി, ബ്ലാക്ക്സ്റ്റോൺ-5,500 കോടി രൂപ എന്നിവയാണ് സ്ഥിരീകരിച്ച മറ്റു നിക്ഷേപങ്ങൾ. ഇതിനുപുറമേ, ടാറ്റ ഗ്രൂപ്പ് 64,000 കോടി രൂപയുടെ എ.ഐ. പദ്ധതികൾ അറിയിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) എന്നിവ ഓപ്പൺ എ.ഐ.യുമായി ചേർന്ന് ടാറ്റ ഗ്രൂപ്പിലെ വിവിധ കമ്പനികളിൽ എ.ഐ. അധിഷ്ഠിത നവീകരണം ശക്തിപ്പെടുത്തും.
കേന്ദ്രസർക്കാരും എ.ഐ.ക്കായി ബജറ്റിൽ 10,372 കോടി രൂപ വകയിരുത്തി. ഇവ നടപ്പാവുന്നതോടെ അടുത്ത രണ്ടുവർഷത്തിനുള്ളിൽ 31.9 ലക്ഷം കോടിയുടെ നിക്ഷേപംകൂടി പ്രതീക്ഷിക്കുന്നു. നേരിട്ടുള്ള നിക്ഷേപം 18.24 ലക്ഷം കോടി രൂപ യും അനുബന്ധമേഖലയിലെ അധികനിക്ഷേപം 13.68 ലക്ഷം കോടിയും എന്ന നിലയിലാണിതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇതോടെ സാധ്യതാനിക്ഷേപം 58.2 ലക്ഷം കോടി രൂപയിലേക്ക് ഉയരും.