എഐ വൻതോതിൽ തൊഴിൽ നഷ്ടത്തിനും കൂട്ടപിരിച്ചുവിടലിനും ഇടയാക്കുമെന്ന ആശങ്ക വ്യാപകമാണ്. എന്നാൽ ഇപ്പോൾ പല കമ്പനികളും നടത്തുന്ന പിരിച്ചുവിടലുകൾക്ക് കാരണം എഐ അല്ലെന്ന് വാദിക്കുകയാണ് ലോകത്തെതന്നെ ഏറ്റവും ശ്രദ്ധേയമായ എഐ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഓ സാം ആൾട്ട്മാൻ. വിപണിയിലെ പ്രതിസന്ധികൾ മറച്ചുവെക്കാനും ചെലവുകുറയ്ക്കാനും ലാഭമുണ്ടാക്കാനും ചില കമ്പനികൾ എഐയെ പഴിചാരുകയാണെന്ന് ആൾട്ട്മാൻ കുറ്റപ്പെടുത്തുന്നു. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ അദ്ദേഹം CNBC-TV18നോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ചില ജോലികൾക്ക് എഐ പകരമാകുന്നുണ്ടെങ്കിലും ചെലവ് ചുരുക്കൽ നടപടികൾക്ക് എഐയെ മറയാക്കുന്ന പ്രവണത കമ്പനികൾക്കിടയിൽ വളർന്നു വരുന്നു. 'എഐ വാഷിങ്' എന്ന് ഇതിനെ വിശേഷിപ്പിക്കം. ഈ പ്രവണത കാരണം നിർമിതബുദ്ധിക്ക് യഥാർത്ഥത്തിൽ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ തെറ്റുന്നു.
എത്ര ശതമാനം കമ്പനികളാണ് ഇതിന് പിന്നിലെന്ന് അറിയില്ല, പക്ഷേ ചില കമ്പനികൾ എഐ വാഷിങ് നടത്തുന്നുണ്ട്. മറ്റുപല പരിമിതികൾക്കും എഐയെ പഴിചാരുകയാണ് അവർ ചെയ്യുന്നത്.എഐ കാരണം വിവിധ ജോലികൾ ഇല്ലാതാകും എന്നത് സത്യമാണ്. പക്ഷെ യഥാർത്ഥ മാറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഉത്പന്നമോ സേവനമോ പരിസ്ഥിതി സൗഹൃദമെന്ന് തെറ്റിദ്ധരിപ്പിച്ച് ചില കമ്പനികൾ നടത്തുന്ന മാർക്കറ്റിങ് തന്ത്രത്തെ സൂചിപ്പിക്കുന്ന ഗ്രീൻ വാഷിങ് എന്ന പ്രയോഗത്തിൽനിന്ന് കടമെടുത്താണ് ആൾട്ട്മാൻ എഐ വാഷിങ് എന്ന പ്രയോഗം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ എഐ ജോലികളിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെന്ന് പറയാനാകില്ലെന്ന് ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ഭാവിയിൽ ജോലികൾ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ എഐ ജോലികൾ ഏറ്റെടുക്കുന്നതിന്റെസ്വാധീനം അനുഭവപ്പെട്ടു തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു