പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലുമായി പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ. ആയുധ ഇറക്കുമതി അടക്കം സംയുക്ത പ്രതിരോധ പദ്ധതികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെയും ഇസ്രായേലിലെയും പ്രമുഖ പ്രതിരോധ കമ്പനികളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റർനാഷനൽ ഡിഫൻസ് കോഓപറേഷൻ ഡയറക്ടറേറ്റ് (സി.ഐ.ബി.എ.ടി) ഇതിനു നേതൃത്വം നൽകി. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് ഇസ്രായേൽ നടപടി.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായും പ്രതിരോധ നിർമാതാക്കളുടെ സൊസൈറ്റിയുമായും (എസ്.ഐ.ഡി.എം) സഹകരിച്ച് ഈ ആഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിരോധ കമ്പനികൾക്കിടയിൽ സെമിനാറും ബിസിനസ് ടു ബിസിനസ് യോഗങ്ങളും സംഘടിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ 30 പ്രതിരോധ കമ്പനികളുടെയും 26 ഇസ്രായേലി പ്രതിരോധ കമ്പനികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എസ്.ഐ.ഡി.എമ്മിന്റെ ഡയറക്ടർ ജനറൽ രമേശ് കെ. നയിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിങ്, ഇസ്രായേലിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ജി.പി ക്യാപ്റ്റൻ വിജയ് പാട്ടീൽ എന്നിവരുമുണ്ടായിരുന്നു.
പ്രതിരോധം, വ്യവസായം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യ പങ്കിടുന്നതിനുമുള്ള സുപ്രധാന കരാറിൽ ഇരുപക്ഷവും കഴിഞ്ഞ വർഷം നവംബറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ ധാരണാപത്രം. 25 നാണ് മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം തുടങ്ങുന്നത്. പ്രതിരോധ മേഖലയിൽ അടക്കം ഉഭയകക്ഷി താൽപര്യമുള്ള എല്ലാ വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.